വസന്തത്തിന്റെ നിറപ്പകിട്ടിൽ കണ്ണഞ്ചുമ്പോൾ...15 comments


മലയാള സിനിമ ഏതാണ്ട് പരിപൂർണ്ണ ദരിദ്രാവസ്ഥയിൽ എത്തിയത് തൊണ്ണൂറുകളുടെ രണ്ടാം പകുതിയോടെ ആയിരുന്നു. സമാന്തര സിനിമ ദുർബ്ബലങ്ങളായ മുദ്രാവാക്യ / ഗുണദോഷ സിനിമകളായി അധ:പതിക്കുകയും ജനപ്രിയ സിനിമ താരാധിപത്യത്തിന്‌ അടിമപ്പെടുകയും ചെയ്തത് ഈ കാലഘട്ടത്തിലായിരുന്നു. തലമുതിർന്ന ‘മഹാസംവിധായകർ’ തങ്ങളുടെ ഗീർവ്വാണങ്ങളിലും പരസ്പരം ചെളിവാരിയെറിയുന്നതിലും മുഴുകിയപ്പോൾ കച്ചവട സിനിമാക്കാർ സംഘടനാ വഴക്കിലും ഗുണ്ടായിസത്തിലും മുഴുകി. തിയറ്ററുകൾ ഷോപ്പിംഗ് കോപ്ലക്സുകളായി രൂപാന്തരം പ്രാപിക്കുവാനും പ്രേക്ഷകർ ടിലിവിഷൻ സെറ്റുകളുടെ മുമ്പിൽ ചടഞ്ഞിരിക്കുവാനും തുടങ്ങി. ‘നമ്മുടെ സിനിമ മാത്രം എന്തേ ഇങ്ങനെ’ എന്ന് ഇക്കാലമത്രയും സിനിമയെ സ്നേഹിക്കുന്നവർ മുറവിളികൂട്ടിക്കൊണ്ടേയിരുന്നു.

അങ്ങനെ ഇരിക്കെയാണ്‌ ‘പാസഞ്ചർ’ പോലുള്ള ചില ചിത്രങ്ങളുടെ വരവ്. ‘പുതിയ മലയാള സിനിമയുടെ’ പിറവിക്കായുള്ള പേറ്റുനോവാണിതെന്ന് സിനിമാ പണ്ഡിതർ ആവേശത്തോടെ പ്രവചിച്ചു. അവരുടെ പ്രവചനങ്ങൾ അസ്ഥാനത്തായില്ല. 2011ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ ‘ട്രാഫിക്ക്’ പുതിയ മലയാള സിനിമയുടെ പിറവിയറിയിച്ചുകൊണ്ട് നമ്മെ പുളകിതരാക്കി. പിന്നീടിങ്ങോട്ട്  ഒരു സംഘം പുതുതലമുറ സംവിധായകരിൽ നിന്ന് പുറത്തുവന്ന കുറേയധികം സിനിമകൾ ‘ട്രാഫിക്കി’ൽ തുടങ്ങിയത് ഒരു താത്കാലിക പ്രതിഭാസം മാത്രമല്ലെന്നും അത് നമ്മുടെ സിനിമയുടെ ‘നവചൈതന്യ’മാണെന്നും സ്ഥിരീകരിച്ചു. നമ്മുടെ സിനിമയിലെ ഈ മഹാപ്രസ്ഥാനത്തെ സിനിമയുടെ ‘പുതുവസന്ത’മെന്നും ‘നവതരംഗ’മെന്നുമൊക്കെ വിശേഷിപ്പിക്കുന്നു നമ്മുടെ മാധ്യമങ്ങളും സിനിമാ പണ്ഡിതരും. ഈ സിനിമകൾ വെട്ടിത്തുറന്ന ‘പുതുവഴികളെ’ക്കുറിച്ചും ‘പരീക്ഷണങ്ങളേ’ക്കുറിച്ചും വാചാലരാകുന്നു ഇവർ.

മലയാള സിനിമയിൽ സംഭവിക്കുന്നത്
കാലാകാലങ്ങളായി ലോകസിനിമയിലും, എന്തിന്‌, ഹിന്ദി-തമിഴ് കച്ചവട സിനിമയിൽ പോലും കണ്ടു ശീലിച്ചതിൽ നിന്ന് ചലച്ചിത്ര ഭാഷയുടെയും പ്രമേയത്തിന്റെയും കാര്യത്തിൽ അല്പം പോലും മുമ്പോട്ട് പോകുന്നില്ല നമ്മുടെ ഈ ‘നവതരംഗം’. അതിനാൽ തന്നെ ഇവിടെ ഏതാനും പുതുതലമുറ സിനിമാക്കാർ ചേർന്ന് ചലച്ചിത്രകലയിൽ എന്തൊക്കെയോ പുതിയ വഴികൾ വെട്ടിത്തെളിക്കുന്നു എന്ന അഭിപ്രായങ്ങളെ മുഖവിലക്കെടുക്കേണ്ടതില്ല. നമ്മുടെ നാട്ടിലുണ്ടാവുന്ന എന്തിനേയും, അത് എത്ര ചെറുതായാൽത്തന്നെയും, ഭൂതക്കണ്ണാടി കൊണ്ട് വീക്ഷിച്ച് അതിനെ പെരുപ്പിച്ചു കാണുന്ന നമ്മുടെ പഴയ ശീലം തന്നെയാണ്‌ ഇവിടെയും നമ്മൾ ആവർത്തിക്കുന്നത്. ചലച്ചിത്ര ഭാഷയിലും പ്രമേയത്തിലും മൗലികത ഉണ്ടായാൽ മാത്രമേ നല്ല സിനിമകൾ ഉണ്ടാവുകയുള്ളു എന്നല്ല പറഞ്ഞു വരുന്നത്. ഇപ്പറഞ്ഞവയൊക്കെ ലോകസിനിമയിൽ പോലും ഉണ്ടാവുന്നത് വല്ലപ്പോഴുമൊരിക്കൽ മാത്രമാണ്‌. ഭാഷാപരവും പ്രമേയപരവുമായ മൗലികതയൊന്നും അവകാശപ്പെടാനാവാത്ത എത്രയോ മഹത്തായ ചലച്ചിത്രങ്ങൾ ഇന്നും ലോകസിനിമയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കാഴ്ചയുടെ ഉപരിപ്ലവമായ സുഖം പകരൽ എന്ന ഒറ്റ ലക്ഷ്യത്തിൽ നിന്നും മാറി ജീവിത സമസ്യകളുടെ ആഴത്തിലുള്ള അന്വേഷണങ്ങളിലേക്ക് ക്യാമറ തിരിയുമ്പോൾ നല്ല സിനിമകൾ പിറക്കുന്നു, അവ ആഖ്യാനത്തിന്റെ പുതുവഴികളിൽക്കൂടി സഞ്ചരിച്ചില്ലെങ്കിൽ പോലും. കച്ചവട സിനിമയുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഇങ്ങനെ എന്തെങ്കിലും ചെയ്യുക എന്നത് ഏറെക്കുറെ അസാധ്യമായ കാര്യവുമാണ്‌.


മലയാള സിനിമയിൽ താരാധിപത്യം അവസാനിച്ചിരിക്കുന്നു, സംവിധായകരും എഴുത്തുകാരും മറ്റ് സാങ്കേതിക പ്രവർത്തകരും സിനിമയിലെ താരങ്ങളേക്കാൾ ശ്രദ്ധേയരാവുന്നു, സിനിമ പുതിയകാലത്തെ ലോകത്തെ കൂടുതൽ ‘റിയലിസ്റ്റിക്ക്’ ആയി ചിത്രീകരിക്കുന്നു... ഇങ്ങനെ പോകുന്നു നമ്മുടെ സിനിമയിൽ എന്തൊക്കെയോ മഹാസംഭവങ്ങൾ നടക്കുന്നു എന്നു കരുതുന്നവർ അങ്ങനെ കരുതുവാൻ നിരത്തുന്ന കാരണങ്ങൾ. ഭാഗികമായ സത്യങ്ങൾ മാത്രമാണ്‌ ഈ പറഞ്ഞവയൊക്കെ. കഴിഞ്ഞ തലമുറയിലെ സൂപ്പർ താരങ്ങളെ ഇപ്പോൾ നമ്മുടെ സിനിമകളിൽ പൊതുവേ കാണാറില്ല എന്നത് സത്യം തന്നെ, പക്ഷെ, അടുത്ത തലമുറ സൂപ്പർ താരങ്ങളായി വളർന്നു വരുന്നവരല്ലേ പുതുതലമുറ അഭിനേതാക്കളിൽ പലരും?. അമാനുഷ കഥാപാത്രങ്ങളെ ഉപേക്ഷിച്ച് നമ്മുടെ സിനിമ നാട്ടിലെ സാധാരണക്കാരെക്കുറിച്ച് സംസാരിക്കുവാൻ തുടങ്ങി എന്നൊക്കെ തോന്നിപ്പിക്കുന്നു. പണ്ടത്തേതിനേക്കാൾ സാങ്കേതിക മികവും നമ്മുടെ സിനിമ കൈവരിച്ചിരിക്കുന്നു. എല്ലാത്തിനുമുപരി പ്രൊഫഷണലിസം എന്തെന്ന് അറിയുന്ന ഒരു സംഘം ചെറുപ്പക്കാരുടെ കൈകളിലേക്ക് സിനിമ എത്തിയിരിക്കുന്നു. കച്ചവട സിനിമയുടെ നല്ല മാറ്റങ്ങൾ. അത്രമാത്രം. അതിനപ്പുറം നമ്മുടെ സിനിമയിൽ ഒന്നും സംഭവിച്ചിട്ടില്ല. സിനിമ എന്ന മാധ്യമത്തെ മനസ്സിലാക്കുമ്പോൾ ഇപ്പറഞ്ഞവയൊക്കെ ആ മധ്യമത്തിന്റെ ഉപരിതലത്തിൽ നടക്കുന്ന മാറ്റങ്ങൾ മാത്രമാണെന്ന് മനസ്സിലാകും. വാസ്തവത്തിൽ ഹിന്ദി - തമിഴ് കച്ചവട സിനിമയിൽ ഏതാനും വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കൊപ്പം ‘അപ്ഡേറ്റാകാൻ’ നടത്തുന്ന ശ്രമങ്ങൾ മാത്രമാണ്‌ ഇപ്പോൾ മലയാള സിനിമ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളാകട്ടെ സ്റ്റൈലൈസേഷനിൽ നടക്കുന്ന മാറ്റങ്ങൾ മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു. ഈ സ്റ്റൈലൈസേഷനിൽ (എല്ലാവരും പറയുന്നു നമ്മുടെ സിനിമകൾ ഇപ്പോൾ ‘സിനിമാറ്റിക്ക്’ ആണെന്ന്!) മതിമറക്കുന്ന ചെറുപ്പക്കാരുടെ ഒരു വലിയ കൂട്ടം സൃഷ്ടിക്കുന്ന ജനപ്രിയതയെ ഒരു വലിയ തരംഗമായി തെറ്റിധാരണാജനകമായി നമ്മുടെ മാധ്യമങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. അതെ, എന്തിനേയും സെൻസേഷണലൈസ് ചെയ്ത് അവതരിപ്പിക്കുന്നത് ശീലമാക്കിയ കേരളത്തിലെ മാധ്യമങ്ങളും ഏതാണ്ട് അതേ നിലവാരത്തിലേക്ക് തരം താണുപോയ നീരൂപകരും പിന്നെ സിനിമ ‘വായിച്ച് പഠിച്ച’ വലിയൊരു പ്രേക്ഷക സമൂഹവും ചേർന്ന് സൃഷ്ടിച്ച ഒരു കെട്ടു കഥ മാത്രമാകുന്നു ഈ ‘നവതരംഗം’.

എഴുപതുകളിലെ തരംഗങ്ങൾ
മലയാള സിനിമയിൽ വ്യക്തമായ ചില ചലനങ്ങൾ കണ്ട കാലമാണ്‌ എഴുപതുകളുടെ രണ്ടാം പകുതി. അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, ജോൺ എബ്രഹാം തുടങ്ങിയവരുടെ സൃഷ്ടികൾ മലയാള സിനിമയെ ബഹുദൂരം മുമ്പോട്ട് നയിച്ചു എന്നതിൽ സംശയമില്ല. ചലച്ചിത്ര ഭാഷയിലും ഉള്ളടക്കത്തിലും ആഴത്തിലുള്ള മാറ്റങ്ങൾ സൃഷ്ടിച്ച ഈ സിനിമകളിലൂടെ നമ്മുടെ സിനിമയിൽ ഒരു ‘നവതരംഗം’ ഉണ്ടായി എന്ന് പറഞ്ഞാൽ അത് തെല്ലും അതിശയോക്തിപരമാവില്ല. ജനപ്രിയ മലയാള സിനിമയിലും ഉണ്ടായി മാറ്റങ്ങൾ. സിനിമയുടെ ഭാഷയേക്കാളുപരി സാഹിത്യത്തിന്റെ ഭാഷ ‘സംസാരി’ക്കുന്നവ ആണെങ്കിൽ കൂടി എം.ടി, പത്മരാജൻ, കെ.ജി.ജോർജ് തുടങ്ങിയവരിൽ നിന്ന്‌ പുറത്തു വന്ന മധ്യവർത്തി സിനിമകൾ മലയാളിയുടെ സിനിമാ അഭിരുചിയെ ഗുണകരമായി സ്വാധീനിച്ചു എന്ന് കരുതുന്നതിൽ തെറ്റില്ല.


എഴുപതുകളിലെ ഈ ചലനങ്ങൾ മലയാളിയുടെ സിനിമാ ശീലങ്ങളെ പ്രധാനമായും മറ്റൊരു വിധത്തിലാണ്‌ മാറ്റി മറിച്ചത്. സിനിമ കാണലും സിനിമാ ചർച്ചയും എല്ലാം നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ മലയാളി ലോകസിനിമയുടെ മഹാത്ഭുതങ്ങൾ തേടി പുറപ്പെട്ടത് ഈ കാലഘട്ടത്തിലാണ്‌.

എഴുപതുകളിൽ നമ്മുടെ സിനിമയിലുണ്ടായ മാറ്റങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് നമ്മൾ കൊട്ടിഘോഷിക്കുന്ന ഈ ‘നവതരംഗം’ അതീവ ദുർബലമാണെന്ന് പറയാതെ വയ്യ.

ഹൈജാക്ക് ചെയ്യപ്പെടുന്ന സിനിമാ സങ്കല്പം
‘എന്തേ നമുക്ക് മാത്രം നല്ല സിനിമയില്ല’ എന്ന ആ പഴയ ചോദ്യം ഇന്ന് ഏറെക്കുറെ അപ്രസക്തമായിരിക്കുന്നു. കാരണം നല്ല സിനിമയുടെ വസന്തകാലത്താണ്‌ നാം ഇപ്പോൾ ജീവിക്കുന്നത്. അതെ, നല്ല സിനിമയുടെ സങ്കൽപ്പത്തെ തന്നെയാണ്‌ ഇന്നത്തെ ഈ ‘നവതരംഗം’ ഹൈജാക്ക് ചെയ്തിരിക്കുന്നത്. ഇന്ന് നമ്മുടെ നാട്ടിൽ നല്ല സിനിമയെക്കുറിച്ചുള്ള ചർച്ചകൾ ‘സോൾട്ട് & പെപ്പറി’നേപ്പറ്റിയും ‘22FK'യെപ്പറ്റിയും ’ഈ അടുത്തകാലത്തെ‘പറ്റിയും ’ഉസ്താദ് ഹോട്ടലി‘നെ പറ്റിയും ഒക്കെയായി ഒതുങ്ങിയിരിക്കുന്നു. ഈ ചിത്രങ്ങളിൽ അവതരിപ്പിക്കപ്പെട്ട ചെറു കാര്യങ്ങളേപ്പോലും മഹാസംഭവങ്ങളായി വ്യാഖ്യാനിച്ച് സ്വയം അത്ഭുതപ്പെടുന്ന ചലച്ചിത്രപ്രവർത്തകരും നിരൂപകരും പ്രേക്ഷകരും ഒക്കെ ചേർന്ന് നമ്മുടെ സിനിമയുടെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചിരിക്കുന്നു.

ആ മനോഹര ദ്വീപിലേയ്ക്ക് ഇനിയുമുണ്ട് ഏറെ ദൂരം6 comments“ആകാശത്തിന്റെ നിറമെന്ത്? ചിലപ്പോൾ നീല, ചിലപ്പോൾ ചുവപ്പ്, ചിലപ്പോൾ കറുപ്പ്...കൈകൊണ്ട് കണ്ണൂകൾ മൂടി ആകാശത്തെ നോക്കിയാൽ ഒരു നിറം, കണ്ണുകൾ മുറുകെ അടച്ച് നോക്കിയാലോ മറ്റൊരു നിറം...ഇങ്ങനെയാണ്‌ നമ്മുടെ ജീവിതവും. നാം സങ്കൽപ്പിച്ച് നൽകുന്ന നിറമാണ്‌ ജീവിതത്തിന്റെ നിറം”. ഡോ.ബിജു സംവിധാനം നിർവ്വഹിച്ച ‘ആകാശത്തിന്റെ നിറം’ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ സംഭാഷണത്തോടെയാണ്‌. അബദ്ധത്തിൽ ഒരു ദ്വീപിലകപ്പെട്ട ഒരു കള്ളന്റെ കഥയിലൂടെ സരളമായ ഈ ജീവിതവീക്ഷണം തന്റെ ചിത്രത്തിൽ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നു ഡോ.ബിജു.

എങ്ങുനിന്നോ ഒരു ബോട്ടിൽ എത്തി കരകൗശല വസ്തുക്കളും പെയ്ന്റിങ്ങുകളും വിറ്റ് പണവുമായി തിരികെ ബോട്ടിൽ എങ്ങോട്ടോ പോയി മറയുന്ന ഒരു വൃദ്ധനെ നോട്ടമിടുന്നു ഒരു കള്ളൻ. ഒടുവിലൊരു ദിവസം ആ വൃദ്ധനെ ഭീഷിണിപ്പെടുത്തി പണം തട്ടുവാൻ നടത്തുന്ന ശ്രമത്തിനിടയിൽ ആ കള്ളൻ അയാളോടൊപ്പം വിജനമായ ഒരു ദ്വീപിലെ ഏകാന്തമായൊരു വീട്ടിലെത്തിപ്പെടുന്നു. വൃദ്ധനെ കൂടാതെ യൗവനത്തിലെത്തി നിൽക്കുന്ന ഒരു പെൺകുട്ടിയും, ഒരു ചെറുപ്പക്കാരനും ഒരു ആൺകുട്ടിയും മാത്രമാണ്‌ ആ വീട്ടിലെ അന്തേവാസികൾ. ദ്വീപിൽ നിന്ന് രക്ഷപെട്ട് എങ്ങനെയെങ്കിലും തിരിച്ച് വൻകരയിൽ എത്തുക എന്ന ലക്ഷ്യം സാധിച്ചെടുക്കുവാൻ അയാളുടെ മുമ്പിൽ വഴികളൊന്നും തുറക്കപ്പെടുന്നില്ല. ഇത് അയാളെ ക്രുദ്ധനാക്കുകയും അക്രമാസക്തനാക്കുകയും ചെയ്യുന്നു. പിന്നീട് ആ ദ്വീപിലെ മറ്റു ചില അന്തേവാസികളെക്കൂടി അയാൾ പരിചയപ്പെടുന്നു. മരണം കാത്ത് കഴിയുന്ന രോഗികളായ കുറേ വൃദ്ധന്മാർ. ഈ അവസ്ഥയിലും അവരുടെ ജീവിതത്തോടുള്ള സമീപനം അയാളിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഒരു കള്ളനിൽ നിന്ന് നല്ലൊരു മനുഷ്യനിലേയ്ക്കുള്ള പരിവർത്തനം അയാളിൽ സംഭവിക്കുന്നു.

രാഷ്ട്രീയ - സാമൂഹ്യ വിഷയങ്ങളെപ്പറ്റിയുള്ള ചർച്ചകളിൽകൂടി മാത്രമേ കാലികപ്രസക്തിയുള്ള സിനിമകൾ ഉണ്ടാവുകയുള്ളു എന്ന് കേരളത്തിൽ പരക്കെയുള്ള വിശ്വാസത്തിനനുസൃതമായി ആവണം ഡോ.ബിജു തന്റെ ആദ്യ മൂന്നു ചിത്രങ്ങളും സൃഷ്ടിച്ചത് (‘സൈറ’, ‘രാമൻ’, വീട്ടിലേക്കുള്ള വഴി‘). ഈ അബദ്ധ ധാരണയെ വഴിയിൽ ഉപേക്ഷിച്ച് മുമ്പോട്ട് നീങ്ങുന്ന ഡോ.ബിജുവിനെയാണ്‌ നാം ഇവിടെ കാണുന്നത്, അല്ലറ ചില്ലറ തട്ടിപ്പികളുടെ വൻകരയെ ഉപേക്ഷിച്ച് ജീവിതാനുഭവങ്ങളുടെ ചെറുദ്വീപിലേയ്ക്കുള്ള സിനിമയിലെ കഥാപാത്രത്തിന്റെ യാത്ര പോലൊന്ന്.

യാത്ര പുറപ്പെടുന്നുവെങ്കിലും ഡോ.ബിജു തന്റെ ലക്ഷ്യത്തിൽ എത്തി എന്ന് കരുതുവാൻ വയ്യ. ചിത്രം മുമ്പോട്ട് വെയ്ക്കുന്ന ജീവിത വീക്ഷണം സ്വാഭാവികമായ രീതിയിൽ സിനിമയിൽ ലയിച്ച് ചേരുന്നില്ല എന്നത് തന്നെയാണ്‌ ഈ ചിത്രത്തിന്റെ പ്രധാന ന്യൂനത. ഈ ദൗർബല്യത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെ കഥാപാത്രങ്ങളെക്കൊണ്ട് പറയിപ്പിക്കുന്ന തത്വചിന്തകൾ ഉപന്യാസത്തിന്റെ രൂപം കൈവരിക്കുന്നത് സ്വാഭാവികം മാത്രം. ഉപന്യാസ രൂപത്തിൽ അവതരിപ്പിക്കപ്പെടുന്ന കലാരൂപത്തിന്റെ പ്രധാന ന്യൂനത അതിന്റെ ആഴക്കുറവു തന്നെ. വാസ്തവത്തിൽ കവിതയോട് അടുത്ത് നിൽക്കേണ്ട കലാരൂപമത്രെ സിനിമ. ‘ആകാശത്തിന്റെ നിറം’ മുമ്പോട്ട് വെയ്ക്കുന്ന ആത്മീയത അതിനാൽത്തന്നെ വളരെ ബാഹ്യമായ ഒന്നായി നമുക്ക് അനുഭവപ്പെടുന്നു. ചിത്രത്തിലെ കഥാപാത്രമായ കള്ളനിലുണ്ടാവുന്ന പരിവർത്തനവും ആന്തരികമായ ഒന്നായി അനുഭവപ്പെടുന്നില്ല.

ആത്മീയ സൗന്ദര്യം സ്ഫുരിക്കുന്ന നല്ല സിനിമയുടെ ആ മനോഹര ദ്വീപ് ഡോ.ബിജുവിന്‌ ഇനിയും അകലത്തുതന്നെയാണ്‌. താൻ ലോകസിനിമയുടെ നെറുകയിൽ എത്തിയിരിക്കുന്നു എന്നൊക്കെയുള്ള മിഥ്യാധാരണകളെ അതിജീവിക്കുവാൻ സാധിച്ചാൽ അദ്ദേഹത്തിന്‌ അവിടേയ്ക്കുള്ള യാത്ര സുഗമമായേക്കാം. (‘ആകാശത്തിന്റെ നിറ’ത്തിലൂടെ മലയാള സിനിമ ലോകസിനിമയുടെ നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടു എന്ന് ഡോ.ബിജു).

ഇനി ഞാഞ്ഞൂലുകളുടെ കാലം...5 comments

“വിദേശ ലേഖകന്മാർ തീട്ടം കണ്ടു മടങ്ങിയതിനുശേഷം സ്വദേശികൾ പാത്രത്തിനു ചുറ്റും തിരക്കിക്കൂടി. തീട്ടത്തിന്റെ കൊച്ചു തരിമ്പുകൾ മാന്തിയെടുത്ത് രുചിക്കുവാൻ തുടങ്ങി. ‘ഗാംഭീര്യമുള്ളത്’ ഒരുത്തൻ പറഞ്ഞു.”


- ധർമ്മപുരാണം, ഒ.വി.വിജയൻ
ഇത് ഗ്രഹണകാലം, ഞാഞ്ഞൂലുകളുടെ വസന്തകാലം. ഏറെനാളായി അർമ്മാദത്തിന്റെ ലഹരിയിൽ തുള്ളിക്കളിച്ചുകൊണ്ടിരുന്ന ഞാഞ്ഞൂൽക്കുഞ്ഞുങ്ങൾ തങ്ങൾക്ക് മുമ്പിൽ വിശ്വരൂപം പൂണ്ട് തലയുയർത്തിനിൽക്കുന്ന ഞാഞ്ഞൂൽ ദൈവത്തെ കണ്ട് എതാണ്ട് നിർവ്വാണാവസ്ഥയിൽ എത്തി നില്ക്കുന്ന സമയമാണ്‌ ഇപ്പോൾ.

‘കൃഷ്ണനും രാധയും’ എന്ന തന്റെ ‘സൃഷ്ടി’യുമായി എത്തിയ സന്തോഷ് പണ്ഡിറ്റ് എന്ന അവതാരം മലയാളിക്ക് മുമ്പിൽ വിചിത്രമായൊരു സമസ്യയായി മാറിയിരിക്കുന്നു. ഈ ചിത്രത്തെ ഒരാഘോഷമാക്കിമാറ്റിയ മലയാളി പ്രേക്ഷകൻ അവനെ ഈ ചിത്രം എങ്ങനെ ആവേശിച്ചു എന്ന് സ്വയം ആലോചിച്ച് അന്ധാളിച്ച് നിൽക്കുന്നു. മുമ്പെങ്ങും കേട്ടുകേൾവി പോലും ഇല്ലാത്ത രീതിയിൽ ഒരു ചലച്ചിത്രം കണുക എന്ന പ്രവർത്തിയെ പ്രേക്ഷകൻ ഉറക്കെ ന്യായീകരിക്കുന്നു. പലയിടത്തുനിന്നായി കേട്ട അവരുടെ വാക്കുകളെ വിശ്വസിക്കാമെങ്കിൽ വളരെ വ്യക്തവും വ്യത്യസ്തവുമായ ഉദ്ദേശ്യങ്ങളോടെയാണ്‌ ഇവർ ‘കൃഷ്ണനും രാധയും’ കാണുവാൻ തടിച്ചുകൂടിയത്. നിലവിലുള്ള നമ്മുടെ സിനിമയുടെ നിലവാരത്തകർച്ചയിൽ പ്രതിഷേധിക്കുവാൻ, വ്യവസ്ഥാപിതമായ എല്ലാത്തിനേയും തകർത്തെറിയുവാൻ കച്ചകെട്ടിയിറങ്ങിയ അഭിനവ ചെഗ്വേരമാരാണ്‌ ഇതിൽ ഒരു കൂട്ടർ. മൂന്നുമണിക്കൂറോളം നിർത്താതെ മനസ്സറിഞ്ഞ് കൂവുവാനും പച്ചമലയാളത്തിൽ പുളിച്ച തെറി വിളിക്കുവാനുമുള്ള സുവർണ്ണാവസരം മുതലെടുക്കുവാൻ എത്തിയവരാണ്‌ മറ്റൊരുകൂട്ടർ. പദ്മരാജന്റെ സിനിമ പദ്മരാജന്റെ സിനിമ കാണുന്നതുപോലെയും പണ്ഡിറ്റിന്റെ സിനിമ പണ്ഡിറ്റിന്റെ സിനിമ കാണുന്നതുപോലെയും കാണുവാനുള്ള അത്ഭുത വിദ്യ കൈവശമുള്ളവരാണ്‌ മറ്റൊരു കൂട്ടർ. തങ്ങളുടെ സംവേദന നിലവാരത്തിലേക്ക് ഇറങ്ങിവന്ന് തങ്ങൾക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട സിനിമാ ദൃശ്യങ്ങൾ വലിയ സ്ക്രീനിൽ കണ്ട് ആനന്ദപുളകിതരാവാൻ എത്തിയവരാണ്‌ മറ്റൊരുകൂട്ടർ. അങ്ങനെ വിവിധോദ്ദേശ്യങ്ങളുമായി തിയറ്ററുകളിൽ സമ്മേളിച്ച ഇവർ എല്ലാ വ്യത്യാസങ്ങളും മറന്ന്, തോളോടു തോൾ ചേർന്ന്, കൈകോർത്ത്, ആഹ്ലാദിച്ച്, അർമ്മാദിച്ച് സംഘനൃത്തം ചവിട്ടുന്ന അത്ഭുതകാഴ്ചകളാണ്‌ ഇന്ന് നാം കാണുന്നത്. തന്റെ ചിത്രത്തിന്റെ ഈ ചരിത്രവിജയത്തിനു പിന്നിലെ പ്രേക്ഷകനെ വളരെ വ്യക്തമായി മനസ്സിലാക്കിയ സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ തങ്കലിപികളിൽ എഴുതി നമുക്ക് ചില്ലിട്ടു വെക്കാം: “ഒരു ജനത അർഹിക്കുന്ന നിലവാരത്തിലുള്ള സിനിമകൾ അവർക്ക് ലഭിക്കുകതന്നെ ചെയ്യും. ഞാൻ അവർക്ക് പകർന്നു നൽകിയത് മറ്റൊന്നുമല്ല. എന്റെ ചിത്രത്തിന്റെ വിജയം എന്നെ അത്ഭുതപ്പെടുത്തുന്നില്ല.“


മധ്യവർഗ്ഗ അർമ്മാദത്തിന്റെ കേരളം
തിരുവനന്തപുരം ചലച്ചിത്രമേളയിൽ അലക്സാണ്ടർ സോഖറോവിന്റെ ചിത്രം കണ്ടുകൊണ്ടിരുന്നപ്പോൾ തൊട്ടുപിന്നിൽ ഇരുന്ന രണ്ടു ചെറുപ്പക്കാർ തമ്മിൽ നടന്ന സംഭാഷണം ചെവിയിൽപ്പേട്ടു. ”ഏതവനടേ ഇവനെ ക്യാമറ പ്ലേസ് ചെയ്യാൻ പഠിപ്പിച്ചത്“. സുഹൃത്തിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് അടുത്തിരുന്നയാൾ പറഞ്ഞു: ”അതെ അതെ, സിനിമാറ്റിക്കായ ഷോട്ടുകൾ എടുക്കാൻ നമ്മൾത്തന്നെ ഇയാളെ പഠിപ്പിക്കേണ്ടി വരും“. കൂണുകൾ പോലെ മുളച്ചുവരുന്ന മീഡിയാ സ്കൂളുകളിൽ ഒന്നിൽ നിന്നുള്ള വിദ്യാർത്ഥികളാണ്‌ ഇവരെന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. അല്പജ്ഞാനത്തിന്റെ ഈ ആഘോഷമാണ്‌ ഇന്ന് നാം എവിടെയും കാണുന്നത്. അറിവ് എന്ന് തെറ്റിധരിച്ച് വെട്ടിവിഴുങ്ങുന്ന informationന്റെ ആഘോഷം മുതൽ കള്ളുകുടിയുടേയും അപ്പിയിടലിന്റെയും ആഘോഷം വരെ നാം ദിവസവും കൊണ്ടാടുന്നു.  

ഒരു ജനത അനുഭവിക്കുന്ന ഒരു പ്രത്യേക അവസ്ഥയെ അല്ലെങ്കിൽ വികാരത്തെ നിലവിലുള്ള വാക്കുകൾക്കൊണ്ട് വിവരിക്കുവാൻ സാധിക്കാതെ വരുമ്പോൾ അവർ ആ അവസ്ഥയെ പൂർണ്ണമായും ഉൾക്കൊള്ളുന്ന പുതിയ വാക്കിനെ നിഘണ്ടുവിൽ ഉൾപ്പെടുത്തുന്നു. അങ്ങനെ കുറച്ചു കാലമായി കേട്ടുവരുന്ന ഒരു വാക്കാണ്‌ ‘അർമ്മാദിക്കൽ’. അതെ, നമ്മൾ വെറും ആഘോഷങ്ങൾ എന്നേ നിർത്തിയിരിക്കുന്നു. നമുക്ക് നമ്മുടെ ജീവിതങ്ങൾ അർമ്മാദിക്കുവാനുള്ളതാണ്‌.

കേരളത്തിന്റേതു മാത്രമായ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ സവിശേഷതകൾ കൊണ്ടാവാം ഇന്ത്യയിൽ മറ്റെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിൽ ഭൗതിക നേട്ടങ്ങൾ നമുക്ക് കൈവരിക്കുവാൻ സാധിച്ചത്. എന്നാൽ ഈ നേട്ടങ്ങൾക്കൊപ്പം മാനസികമായ വളർച്ച കൈവരിക്കുവാൻ നമുക്ക് സാധിച്ചില്ല എന്നതാണ്‌ നമുക്കുണ്ടായ ദുരന്തം. വാസ്തവത്തിൽ നമ്മിലെ ആത്മീയതയെ അടിച്ചമർത്തിയാണ്‌ ഭൗതികമായ നേട്ടങ്ങൾ നമ്മിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുറത്തേക്ക് കണ്ണും നട്ട് ഇരിക്കുന്ന നമ്മളിൽ നമ്മിലേക്ക് തന്നെ സ്വയം തിരിഞ്ഞ് നോക്കാനും സ്വയം മനസ്സിലാക്കുവാനുമുള്ള കഴിവ് എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. നമ്മൾ voyeuristകളുടെയും exhibitionistകളുടെയും വലിയൊരു സമൂഹമായി മാറിയിരിക്കുന്നു. ഈ രണ്ട് അധമ വികാരങ്ങളുടെ വിചിത്രമായ സമ്മേളിക്കൽ നമ്മളിൽ സംഭവിച്ചിരിക്കുന്നു.


സാസ്കാരിക രംഗത്തെ അർമ്മാദം
ഈ ഗ്രഹണകാലത്ത് ഏറ്റവും അധികം ദുർഗ്ഗന്ധം വമിക്കുന്നത് സാസ്കാരിക രംഗത്തുനിന്നാണ്‌ (സാഹിത്യം, സിനിമ, മറ്റു കലാരൂപങ്ങൾ തുടങ്ങിയവയെ പരമ്പരാഗതമായി ഈ ഗണത്തിൽ ഉൾപ്പെടുത്താറുള്ളതുകൊണ്ട് ഇങ്ങനെ ഉപയോഗിച്ചു എന്നു മാത്രം). ഒരു സമൂഹത്തിൽ പടർന്നു പിടിക്കുന്ന മഹാരോഗത്തെ അതിന്റെ ആരംഭത്തിൽത്തന്നെ തിരിച്ചറിയേണ്ട ഭിഷഗ്വരന്മാരാവേണ്ട നമ്മുടെ സാംസ്കാരിക രംഗം ഇവിടെ നേരേ എതിർദിശയിലാണ്‌ പ്രവർത്തിക്കുന്നത് എന്നതാണ്‌ വാസ്തവം. യഥാർത്ഥത്തിൽ രോഗവാഹകരായി മാറിയിരിക്കുന്നു ഇവരിൽ പലരും. അസൂയ, പരസ്പര വിദ്വേഷം, അസഹിഷ്ണുത, ധാർഷ്ട്യം തുടങ്ങിയ വികാരങ്ങളാണ്‌ സാംസ്കാരിക രംഗത്തെ ഇന്ന് നയിക്കുന്നത്. സമൂഹത്തിന്റെ പൊതുവായ അർമ്മാദിക്കലിനേക്കാൾ വികൃതമായ കാഴ്ചയാണ്‌ നമ്മുടെ സാംസ്കാരിക നായകന്മാരുടെ അർമ്മാദിക്കൽ. ആ അർത്ഥത്തിൽ സന്തോഷ് പണ്ഡിറ്റ് നമ്മുടെ സാംസ്കാരിക രഗത്തെ പ്രതിനിധാനം ചെയ്യുന്നു എന്നു പറയാം.


സന്തോഷ് പണ്ഡിറ്റ് എന്ന സാംസ്കാരിക നായകൻ
യഥാർത്ഥത്തിൽ  ആരാണ്‌ ഈ സന്തോഷ് പണ്ഡിറ്റ്? നാം എന്തിന്‌ അദ്ദേഹത്തെ മാത്രം ക്രൂശിലേറ്റാൻ ശ്രമിക്കുന്നു?

മലയാള സിനിമ കാലങ്ങളായി ഉപയോഗിച്ച് പോന്നിട്ടുള്ള ചേരുവകൾ തന്നെയാണ്‌ ‘കൃഷ്ണനും രാധയിലും’ ഉള്ളത് എന്നതിൽ ആർക്കും തർക്കമുള്ളതായി തോന്നുന്നില്ല. കാലങ്ങളായി നാം കണ്ട് ശീലിച്ച നമ്മുടെ തന്നെ സിനിമയുടെ കാരിക്കേച്ചറായി ഈ സിനിമ മാറിയിരിക്കുന്നു എന്നതാണ്‌ ഇവിടെ സംഭവിച്ചത്. തങ്ങളുടെ സിനിമകളുടെ കലാരാഹിത്യത്തെ കൃത്രിമമായ ഗൗരവത്തിന്റെ, വാക് ചാതുര്യത്തിന്റെ പുകമറയാൽ മൂടിവെക്കുന്നതിൽ നമ്മുടെ സിനിമാക്കാർ വിജയിക്കുമ്പോൾ സന്തോഷ് പണ്ഡിറ്റ് തന്റെ പൊങ്ങച്ചം പറച്ചിൽ കൊണ്ട് സ്വയം expose ചെയ്യുന്നു. അങ്ങനെ അദ്ദേഹം നമ്മുടെ സിനിമാക്കാരുടെതന്നെ കാരിക്കേച്ചറായി നമുക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നു. ഇനി, സ്വയം മഹത്വവത്കരിച്ച്, ഒരു മഹാസംഭവമായി സ്വന്തം ജീവിതങ്ങളെ കൊണ്ടാടുന്ന നമ്മുടെയൊക്കെ തന്നെ ഒരു കാരിക്കേച്ചറല്ലേ സന്തോഷ് പണ്ഡിറ്റ്? നമ്മുടെ സമൂഹത്തിന്റെ അർമ്മാദിക്കലിന്റെ നുരയും പതയും ബഹിർഗ്ഗമിക്കുവാനുള്ള വിചിത്രമായൊരു മാർഗ്ഗമായി മാറി ഈ കാരിക്കേച്ചർ കലാരൂപം എന്നതാവാ നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ഈ അത്ഭുത കാഴ്ചകൾക്ക് പിന്നിലെ ഒരു കാരണം. അതെ, കുരിശ് സന്തോഷ് പണ്ഡിറ്റിന്‌ മാത്രമായുള്ളതല്ല, നമ്മളൊരോരുത്തരും അദ്ദേഹത്തിനൊപ്പം കുരിശ് ചുമക്കേണ്ടതുണ്ട്.


ഗ്രഹണകാലത്തെ കാഴ്ചകൾ 
തന്നെ അകാരണമായി പ്രകോപിപ്പിച്ച ടെലിവിഷൻ അവതാരകനോട് പണ്ഡിറ്റ് പറഞ്ഞു: “താങ്കൾ ഈ ചിത്രം കണ്ടിട്ടില്ല. അതുകൊണ്ട് മാത്രമാണ്‌ താങ്കൾ എന്നെ വിമർശിക്കുന്നത്. സത്യത്തിൽ ഈ ചിത്രം മഹത്തരമാണ്‌”. ഇതേ വാക്കുകൾ തന്നെ അല്ലേ തന്റെ വിമർശകരോടുള്ള അസഹിഷ്ണുതയാൽ നമ്മുടെ സിനിമാ ആചാര്യനും വിളിച്ചുപറഞ്ഞത്? ലോകോത്തരങ്ങളായ ചലച്ചിത്രങ്ങളേ പറ്റി മഹദ്ഗ്രന്ഥങ്ങൾ രചിക്കുന്ന നിരൂപണശിരോമണിമാർ തന്നെയല്ലേ ഇവിടെ ഇറങ്ങുന്ന മുദ്രാവാക്യ സിനിമകൾക്കും മറ്റു ശരാശരി ചിത്രങ്ങൾക്കും ജയ് വിളിക്കുന്നത്? പണ്ഡിറ്റിന്റെ സിനിമയെ പറ്റി പാർശ്വവീകഷണം നടത്തി തന്റെ വാക് ചാതുരിയാൽ അദ്ദേഹത്തെ ഒരു മഹാസംഭവമായി അവതരിപ്പിച്ച നിരൂപകൻ തന്നെ  മീശപിരിച്ച് താണ്ഡവമാടിയ ഗജകേസരിയെ പ്രകീർത്തിച്ച് മഹാകാവ്യമെഴുതിയത് മറക്കാറായിട്ടില്ല. രണ്ടിടത്തും ഒരേ ന്യായങ്ങളുടെ വ്യത്യസ്ത ശൈലികൾ അവതരിപ്പിക്കപ്പെടുന്നു. അതെ, രണ്ട് വിരുദ്ധ ധ്രുവങ്ങളിൽ നിലകൊണ്ടിരുന്ന പലതും mediocracyയുടെ തലത്തിൽ വന്ന് ലയിച്ച് ചേർന്നിരിക്കുന്നു എന്നതാണ്‌ ഈ ഗ്രഹണകാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.  ഇവിടെ നടക്കുന്നത് mediocracyയുടെ ആഘോഷമാണ്‌. നമ്മളെല്ലാം രൂപാന്തരം പ്രാപിച്ച് തിരിച്ചറിയാൻ വയ്യാത്തതരം, വ്യക്തിത്വം എന്നൊന്ന് ഇല്ലാത്തതരത്തിൽ, കോടിക്കണക്കിന്‌ ഫോട്ടോസ്റ്റാറ്റുകളായി മാറുന്ന കാലവും വന്നേക്കാം.

അതെ, ഇത് ഗ്രഹണകാലം, ഞാഞ്ഞൂലുകളുടെ ഉത്സവകാലം. ഡിനോസറും കീടവും പരസ്പരം കൈകോർത്ത് ഉന്മാദ നൃത്തം ചവിട്ടുന്ന അത്ഭുതകാലം.


older post