ആ മനോഹര ദ്വീപിലേയ്ക്ക് ഇനിയുമുണ്ട് ഏറെ ദൂരം6 comments“ആകാശത്തിന്റെ നിറമെന്ത്? ചിലപ്പോൾ നീല, ചിലപ്പോൾ ചുവപ്പ്, ചിലപ്പോൾ കറുപ്പ്...കൈകൊണ്ട് കണ്ണൂകൾ മൂടി ആകാശത്തെ നോക്കിയാൽ ഒരു നിറം, കണ്ണുകൾ മുറുകെ അടച്ച് നോക്കിയാലോ മറ്റൊരു നിറം...ഇങ്ങനെയാണ്‌ നമ്മുടെ ജീവിതവും. നാം സങ്കൽപ്പിച്ച് നൽകുന്ന നിറമാണ്‌ ജീവിതത്തിന്റെ നിറം”. ഡോ.ബിജു സംവിധാനം നിർവ്വഹിച്ച ‘ആകാശത്തിന്റെ നിറം’ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ സംഭാഷണത്തോടെയാണ്‌. അബദ്ധത്തിൽ ഒരു ദ്വീപിലകപ്പെട്ട ഒരു കള്ളന്റെ കഥയിലൂടെ സരളമായ ഈ ജീവിതവീക്ഷണം തന്റെ ചിത്രത്തിൽ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നു ഡോ.ബിജു.

എങ്ങുനിന്നോ ഒരു ബോട്ടിൽ എത്തി കരകൗശല വസ്തുക്കളും പെയ്ന്റിങ്ങുകളും വിറ്റ് പണവുമായി തിരികെ ബോട്ടിൽ എങ്ങോട്ടോ പോയി മറയുന്ന ഒരു വൃദ്ധനെ നോട്ടമിടുന്നു ഒരു കള്ളൻ. ഒടുവിലൊരു ദിവസം ആ വൃദ്ധനെ ഭീഷിണിപ്പെടുത്തി പണം തട്ടുവാൻ നടത്തുന്ന ശ്രമത്തിനിടയിൽ ആ കള്ളൻ അയാളോടൊപ്പം വിജനമായ ഒരു ദ്വീപിലെ ഏകാന്തമായൊരു വീട്ടിലെത്തിപ്പെടുന്നു. വൃദ്ധനെ കൂടാതെ യൗവനത്തിലെത്തി നിൽക്കുന്ന ഒരു പെൺകുട്ടിയും, ഒരു ചെറുപ്പക്കാരനും ഒരു ആൺകുട്ടിയും മാത്രമാണ്‌ ആ വീട്ടിലെ അന്തേവാസികൾ. ദ്വീപിൽ നിന്ന് രക്ഷപെട്ട് എങ്ങനെയെങ്കിലും തിരിച്ച് വൻകരയിൽ എത്തുക എന്ന ലക്ഷ്യം സാധിച്ചെടുക്കുവാൻ അയാളുടെ മുമ്പിൽ വഴികളൊന്നും തുറക്കപ്പെടുന്നില്ല. ഇത് അയാളെ ക്രുദ്ധനാക്കുകയും അക്രമാസക്തനാക്കുകയും ചെയ്യുന്നു. പിന്നീട് ആ ദ്വീപിലെ മറ്റു ചില അന്തേവാസികളെക്കൂടി അയാൾ പരിചയപ്പെടുന്നു. മരണം കാത്ത് കഴിയുന്ന രോഗികളായ കുറേ വൃദ്ധന്മാർ. ഈ അവസ്ഥയിലും അവരുടെ ജീവിതത്തോടുള്ള സമീപനം അയാളിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഒരു കള്ളനിൽ നിന്ന് നല്ലൊരു മനുഷ്യനിലേയ്ക്കുള്ള പരിവർത്തനം അയാളിൽ സംഭവിക്കുന്നു.

രാഷ്ട്രീയ - സാമൂഹ്യ വിഷയങ്ങളെപ്പറ്റിയുള്ള ചർച്ചകളിൽകൂടി മാത്രമേ കാലികപ്രസക്തിയുള്ള സിനിമകൾ ഉണ്ടാവുകയുള്ളു എന്ന് കേരളത്തിൽ പരക്കെയുള്ള വിശ്വാസത്തിനനുസൃതമായി ആവണം ഡോ.ബിജു തന്റെ ആദ്യ മൂന്നു ചിത്രങ്ങളും സൃഷ്ടിച്ചത് (‘സൈറ’, ‘രാമൻ’, വീട്ടിലേക്കുള്ള വഴി‘). ഈ അബദ്ധ ധാരണയെ വഴിയിൽ ഉപേക്ഷിച്ച് മുമ്പോട്ട് നീങ്ങുന്ന ഡോ.ബിജുവിനെയാണ്‌ നാം ഇവിടെ കാണുന്നത്, അല്ലറ ചില്ലറ തട്ടിപ്പികളുടെ വൻകരയെ ഉപേക്ഷിച്ച് ജീവിതാനുഭവങ്ങളുടെ ചെറുദ്വീപിലേയ്ക്കുള്ള സിനിമയിലെ കഥാപാത്രത്തിന്റെ യാത്ര പോലൊന്ന്.

യാത്ര പുറപ്പെടുന്നുവെങ്കിലും ഡോ.ബിജു തന്റെ ലക്ഷ്യത്തിൽ എത്തി എന്ന് കരുതുവാൻ വയ്യ. ചിത്രം മുമ്പോട്ട് വെയ്ക്കുന്ന ജീവിത വീക്ഷണം സ്വാഭാവികമായ രീതിയിൽ സിനിമയിൽ ലയിച്ച് ചേരുന്നില്ല എന്നത് തന്നെയാണ്‌ ഈ ചിത്രത്തിന്റെ പ്രധാന ന്യൂനത. ഈ ദൗർബല്യത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെ കഥാപാത്രങ്ങളെക്കൊണ്ട് പറയിപ്പിക്കുന്ന തത്വചിന്തകൾ ഉപന്യാസത്തിന്റെ രൂപം കൈവരിക്കുന്നത് സ്വാഭാവികം മാത്രം. ഉപന്യാസ രൂപത്തിൽ അവതരിപ്പിക്കപ്പെടുന്ന കലാരൂപത്തിന്റെ പ്രധാന ന്യൂനത അതിന്റെ ആഴക്കുറവു തന്നെ. വാസ്തവത്തിൽ കവിതയോട് അടുത്ത് നിൽക്കേണ്ട കലാരൂപമത്രെ സിനിമ. ‘ആകാശത്തിന്റെ നിറം’ മുമ്പോട്ട് വെയ്ക്കുന്ന ആത്മീയത അതിനാൽത്തന്നെ വളരെ ബാഹ്യമായ ഒന്നായി നമുക്ക് അനുഭവപ്പെടുന്നു. ചിത്രത്തിലെ കഥാപാത്രമായ കള്ളനിലുണ്ടാവുന്ന പരിവർത്തനവും ആന്തരികമായ ഒന്നായി അനുഭവപ്പെടുന്നില്ല.

ആത്മീയ സൗന്ദര്യം സ്ഫുരിക്കുന്ന നല്ല സിനിമയുടെ ആ മനോഹര ദ്വീപ് ഡോ.ബിജുവിന്‌ ഇനിയും അകലത്തുതന്നെയാണ്‌. താൻ ലോകസിനിമയുടെ നെറുകയിൽ എത്തിയിരിക്കുന്നു എന്നൊക്കെയുള്ള മിഥ്യാധാരണകളെ അതിജീവിക്കുവാൻ സാധിച്ചാൽ അദ്ദേഹത്തിന്‌ അവിടേയ്ക്കുള്ള യാത്ര സുഗമമായേക്കാം. (‘ആകാശത്തിന്റെ നിറ’ത്തിലൂടെ മലയാള സിനിമ ലോകസിനിമയുടെ നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടു എന്ന് ഡോ.ബിജു).

6 comments:

Anonymous at: 28 July 2012 at 7:53 AM said...

കിം കി ഡുക്ക്‌ മുക്കുന്നത് കണ്ടു ബിജു മുക്കിയാല്‍ ഇത്രയൊക്കെയേ വരൂ

Rakesh | രാകേഷ് at: 30 July 2012 at 2:55 PM said...

കാലികമായ രാഷ്ട്രീയ-സാമൂഹിക വിഷയം എന്നത് എപ്പോഴും തീവ്രവാദവും വർഗ്ഗീയതയും മാത്രമാണ് എന്ന തരത്തിലുള്ള ഒരു പൊതുബോധമാണ് സമാന്തരസിനിമയിൽ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായെങ്കിലും കാണാൻ കഴിയുന്നത്.

ഈ ചിത്രത്തിന്റെ കാര്യമെടുത്താൽ ഗുണപാഠം പൊതിഞ്ഞ ചില്ലറ ഡയലോഗുകൾ അനാവശ്യമായി പലയിടത്തും മുഴച്ചു നിൽക്കുന്നു. ഡോൾഫിനുകൾ ചാടുന്ന രംഗം ഗ്രാഫിക്സിലൂടെ കാണിക്കുമ്പോൾ സ്വാഭാവികത തോന്നുന്നില്ല. പക്ഷെ അസ്വാഭാവികമായ ആ രംഗം ആവശ്യത്തിൽ കൂടുതൽ വലിച്ചുനീട്ടി ബോറാക്കുന്നുണ്ട്.

ദൃശ്യത്തിലൂന്നിയുള്ള ഒരു നറേഷൻ ശ്രമം ഈ ചിത്രത്തിൽ കാണാം.

ഡോ: ബിജുവിന്റെ മുൻ ചിത്രങ്ങളും ഇതും ചേർത്ത് നോക്കിയാൽ, പൂർണ്ണതയിലെത്തിയില്ലെങ്കിലും ഗ്രാഫ് മുകളിലേക്ക് തന്നെ എന്നതിൽ തർക്കമില്ല.

lineesh at: 16 August 2012 at 11:14 AM said...

ethine oru cinima enne vilikan kazhiyilla.. etharam cinimakal aane kalamoolyamulla chithrangaleyum thakarkunnathe.....foolish film..

lineesh at: 16 August 2012 at 11:26 AM said...

ethine oru cinima enne vilikan kazhiyilla.. etharam cinimakal aane kalamoolyamulla chithrangaleyum thakarkunnathe.....foolish film..

Jason at: 3 January 2013 at 7:56 AM said...

it was a foolish film.... no particular story at... as if somebody forced the director to create this malayalam movie.......

vinod kumar at: 26 June 2013 at 10:25 PM said...

Adoor aravindan bharathan padmarajan a level valya pada mone...

Post a Comment

newer post older post