ഭാഷാപരമായ ചില സമസ്യകൾ...11 comments

ഞാൻ പറയുന്നത്‌ നിങ്ങൾക്ക്‌ മനസ്സിലാകുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം ഞാൻ പറയുന്നത്‌ നിങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നാണ്‌.

- ഒരു ഗൊദാർദിയൻ കഥാപാത്രം


പറയേണ്ടത്‌ എന്തെന്നറിയാതെ, എങ്ങനെ പറയണമെന്നറിയാതെ, സത്യത്തിൽ ഒന്നും പറയാനില്ലാതെ, വഴിയറിയാതെ ഇരുട്ടിൽത്തപ്പുന്ന സമകാലിക മലയാള സമാന്തര സിനിമയുടെ ഇരുണ്ട ഇടവഴികളിൽനിന്ന് വഴിമാറി സഞ്ചരിച്ച ഒരു സംവിധായകനും അദ്ദേഹത്തിന്റെ സിനിമയും ചില അടിസ്ഥാനപരമായ ചർച്ചകളിലേക്ക്‌ പ്രേക്ഷക-നിരൂപക സമൂഹത്തെ പ്രകോപിപ്പിച്ചിരിക്കുന്ന സമയമാണിത്‌. വിരുദ്ധ ധ്രുവങ്ങളിൽ നിന്നുകൊണ്ട്‌ പ്രേക്ഷകരും നിരൂപകരും ചിത്രത്തിന്‌ അനുകൂലമായും പ്രതികൂലമായും വാദിക്കുമ്പോൾ ഒന്ന് തീർച്ച, വിപിൻ വിജയിന്റെ 'ചിത്രസൂത്രം' മലയാള സിനിമയിൽ കാര്യമായ ചലനം സൃഷ്ടിച്ചിരിക്കുന്നു.


നിത്യേന വാർത്താമാധ്യമങ്ങളിൽ നിറയുന്ന സാമൂഹിക പ്രശ്നങ്ങളെ ഫിക്ഷണൽ സിനിമയുടേതായ ചേരുവകൾ ചേർത്ത്‌ അവതരിപ്പിക്കുന്ന നമ്മുടെ സമാന്തര സിനിമയുടെ പതിവ്‌ രീതിയിൽനിന്ന് ഏറെ വിഭിന്നമാണ്‌ 'ചിത്രസൂത്ര'ത്തിന്റെ പ്രമേയവും ആഖ്യാന രീതിയും. എം.നന്ദകുമാറിന്റെ 'വാർത്താളി: സൈബർസ്പേസിൽ ഒരു പ്രണയനാടകം' എന്ന കഥയെ അധികരിച്ച്‌ വിപിൻ വിജയ്‌ ഒരുക്കിയ ചിത്രം ഹരിഹരനെന്ന കംപ്യൂട്ടർ പ്രോഗ്രാമർ തന്റെ സൈബർ സഞ്ചാരങ്ങൾക്കിടയിൽ ബന്ധപ്പെടുന്ന രമണിയുമായി നടത്തുന്ന ചാറ്റിംഗിൽക്കൂടി വികസിക്കുന്നു. ഈ സംഭാഷണങ്ങൾക്കിടയിൽ ഹരി തന്റെ മുത്തച്ഛനും മഹാമാന്ത്രികനുമായ കുഞ്ഞിക്കുട്ടൻ നായരുടെ ജീവിതകഥ രമണിയോട്‌ വിവരിക്കുന്നു. മന്ത്രവാദവും ആഭിചാരക്രിയകളുമായി ആസക്തിയുടെ ചിറകിലേറി കുഞ്ഞിക്കുട്ടൻ നായർ നടത്തുന്ന സങ്കീർണ്ണ യാത്രകളും സൈബർ സ്പേസിൽ സമാനമായ അനുഭവങ്ങൾ തേടി ഹരിഹരൻ നടത്തുന്ന വെർച്വൽ സഞ്ചാരങ്ങളും ഇഴപിരിഞ്ഞ്‌ കിടക്കുന്നു 'ചിത്രസൂത്ര'ത്തിൽ. വിഷയത്തിലെ സങ്കീർണ്ണത ചിത്രത്തിന്റെ രൂപത്തിലും (form) പ്രതിഫലിക്കുന്നു. വിപിൻ വിജയ്‌ മലയാള സിനിമയിൽ വെട്ടിത്തെളിക്കുന്ന ആഖ്യാനത്തിന്റെ ഈ പുതുവഴിയേക്കുറിച്ചുതന്നെയാണ്‌ പ്രധാനമായും ചർച്ച ചെയ്യപ്പെടേണ്ടത്‌.

നിലവിലുള്ള രീതികൾ നവീന ആശയങ്ങളുടെ അവതരണത്തിന്‌ പര്യാപ്തമല്ലാതെ വരുമ്പോൾ പുതിയ സങ്കേതങ്ങൾ തേടുവാൻ കലാകാരൻ നിർബന്ധിതനാകും. അങ്ങനെ ഉരുത്തിരിയുന്ന നവഭാവുകത്വം ആ കലാരൂപത്തിനെ മുമ്പോട്ട്‌ നയിക്കുകയും കാലിക പ്രസക്തമാക്കുകയും ചെയ്യുന്നു.  എന്നാൽ, രൂപപരമായ പരീക്ഷണങ്ങൾ നടത്തുക എന്ന ഒറ്റലക്ഷ്യത്തിലേക്ക്‌ കല ചുരുങ്ങുന്ന സന്ദർഭങ്ങളും വിരളമല്ല.  കലയുടെ ഉള്ളടക്കം അതിന്റെ രൂപപരമായ സൗന്ദര്യം മാത്രമായിത്തീരുകയും അതിന്റെ മറ്റെല്ലാ ലക്ഷ്യങ്ങളും മെല്ലെ അപ്രത്യക്ഷമാവുകയും ചെയ്യുന്ന അവസ്ഥ ഉടലെടുക്കുന്നു. ഇവിടെ വ്യാകരണങ്ങൾക്കും ഭാഷാപരമായ കാർക്കശ്യങ്ങൾക്കും കലയുടെ മാനുഷിക വശങ്ങളേക്കാൾ പ്രാധാന്യമേറുന്നു. സ്വയം സൃഷ്ടിക്കുന്ന ഭാഷയിൽ സ്വയം സംവദിക്കുക എന്ന അസംബന്ധാവസ്ഥയിൽ എത്തിച്ചേരുന്നു കലാകാരൻ. അവനും അവന്റെ ഭാഷ ശാസ്ത്രീയമായി അഭ്യസിച്ച്‌ അതിൽ നൈപുണ്യം നേടുന്ന എതാനും ചിലരും ചേർന്നുണ്ടാക്കുന്ന exclusive clubകളിലേക്ക ഈ കല ചുരുക്കപ്പെടുന്നു. ഇക്കൂട്ടർക്ക്‌ ബൗദ്ധിക സ്വയംഭോഗം നടത്തുവാനുള്ള ഇടമായി കലാരംഗം മാറുന്നു. സിനിമയിലുമുണ്ടായി ഇത്തരത്തിലുള്ള ഭാഷാ പ്രസ്ഥാനങ്ങൾ. ഇവരിലേറ്റവും പ്രധാനി ഗൊദാർദ്‌ തന്നെ. ഭാഷാപരമായ പരീക്ഷണങ്ങളേറെ നടത്തിയിട്ടുള്ള അദ്ദേഹത്തിൽനിന്നുമുണ്ടായിട്ടുള്ളത്‌ ഏറിയ പങ്കും ബൗദ്ധിക ജാഡകളായിരുന്നു എന്ന് പറയേണ്ടി വരും. സിനിമയുടെ ഈ പ്രസ്ഥാനത്തിനെ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്ത കുമാർ സാഹിനി, മണീ കൗൾ തുടങ്ങിയവരുടെ ചിത്രങ്ങളാകട്ടെ രൂപപരമായ ശാഠ്യങ്ങളുടെ കാര്യത്തിൽ ഗൊദാർദിയൻ സിനിമകളെ കടത്തിവെട്ടിയവയായിരുന്നു. ഈ സിനിമകളുടെ പ്രസക്തി ചരിത്ര പുസ്തകങ്ങളിലും ബൗദ്ധിക സദസ്സുകളുടെ അക്കാദമിക ജാഡകളിലുമായി ഒതുങ്ങിയത്‌ സ്വാഭാവികം മാത്രം.   

ചലച്ചിത്ര ഭാഷയുടെ പുതിയ വഴി വെട്ടിത്തെളിക്കുന്ന വിപിൻ വിജയ്‌ എത്തിച്ചേരുന്നത്‌ കുമാർ സാഹിനിയും മണീ കൗളും നിലയുറപ്പിച്ചിരിക്കുന്ന ഈ ഇടത്തേക്കാണെന്നത്‌ ഖേദകരമായ വസ്തുതയാണ്‌. അതിനാൽത്തന്നെ 'ചിത്രസൂത്ര'ത്തിന്റെ ഗഹനമായ പ്രമേയത്താൽ മോഹിതനായി ചിത്രത്തെ സമീപിക്കുന്ന പ്രേക്ഷകൻ എത്തിച്ചേരുന്നത്‌ ദുരൂഹവത്കൃതമായ ഒരിടത്താണ്‌. റിയാലിറ്റിയും വെർച്ച്വൽ റിയാലിറ്റിയും പരസ്പരം വേർതിരിച്ചറിയുവാൻ പറ്റാത്തത്ര ഇഴുകിചേർന്നിരിക്കുന്ന ഇന്നത്തെ മനുഷ്യാവസ്ഥയുടെ ആഴത്തിലുള്ള അന്വേഷണമാകേണ്ടിയിരുന്ന ചിത്രം, പക്ഷെ, പ്രേക്ഷകനുമായി സംവദിക്കുവാൻ പൂർണ്ണമായും വിസ്സമ്മതിക്കുന്നു. ഹരിഹരനും രമണിയും കുഞ്ഞിക്കുട്ടൻ നായരുമെല്ലാം ഏതോ അന്യഗ്രഹ ജീവികളേപ്പോലെ നമുക്ക്‌ അനുഭവപ്പെടുന്നു. ചിത്രത്തിന്റെ ശബ്ദരേഖയിൽ മുഴുവൻ സമയവും നിറഞ്ഞു നിൽക്കുന്ന ഹരിഹരന്റെയും രമണിയുടെയും ആത്മഗതങ്ങൾക്ക്‌ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഭാവവും പ്രേക്ഷകന്‌ ചിത്രത്തിലേക്ക്‌ പ്രവേശിക്കുവാനുള്ള അവസാന വാതിലും 
കൊട്ടിയടക്കുന്നു.

ആൾക്കൂട്ടത്തിന്റെ നിലവാരത്തിലേക്ക്‌ താഴേണ്ടവനല്ല കലാകാരൻ, മറിച്ച്‌ അനുവാചകനെ ചിന്തയുടേയും അനുഭവത്തിന്റെയും പുത്തൻ ലാവണ്യബോധത്തിന്റെയും ഉയർന്ന തലത്തിലേക്ക്‌ കൈപിടിച്ചുയർത്തേണ്ടവനാണ്‌ അവൻ. കലാരംഗത്ത്‌ സ്വയം ബ്രാൻഡായി മാറുവാനുള്ള യത്നത്തിൽ സംവേതനക്ഷമമല്ലാത്ത ഭാഷയുടെ ബോധപൂർവ്വമായ പ്രയോഗം കലാകാരന്റെ ആയുധമാകുന്നു. അനുവാചകനുമേൽ ഭാഷാപരമായ ഇത്തരം അയിത്തം കൽപ്പിക്കുന്ന കലാകാരൻ കലയുടെ പ്രാധമിക ധർമ്മത്തെ നിരാകരിക്കുന്നു.

മലയാള സമാന്തര സിനിമയിൽ ഇന്ന് നിലനിൽക്കുന്ന പരിപൂർണ്ണ ശുന്യതക്കും വിപിൻ വിജയ്‌ സൃഷ്ടിച്ചിരിക്കുന്ന സൈദ്ധാന്തിക കൊടുമുടിക്കുമിടയിൽ എവിടയോ നിലനിൽക്കുന്നു യധാർത്ഥ സിനിമയുടെ ഇടം. 'ചിത്രസൂത്രം' സൃഷ്ടിച്ച ഞെട്ടലിൽനിന്നും ഊർജ്ജമുൾക്കൊണ്ട്‌ നമ്മുടെ സിനിമ അവിടേക്കുള്ള പ്രയാണം ആരംഭിക്കുമെന്ന് പ്രത്യാശിക്കാം. 


11 comments:

Rajesh at: 7 January 2011 at 8:27 PM said...

Saadhaaranakkaaranaaya preshakanu manassilaakaan ethra budhimuttundo, athra kandu mikachathaayirikkum cinema ennu oru jaadayil chindikkunna kure cinemakkaarundu nammude naattil. Avar swayam art house cinema kkaarennu vilikkukayum cheyyum. Angineyulla cinemakal jaada cinemaklaayi maathrame kaanaan pattukayulloo.
Loka cinemayile ettavum mikacha cinemakal valare simple aayi preshakarumaayi samvadikkunnavayaanu. Allaathava valare churukkam (classic aayi ariyappedunnavayil) Nammude naattilendo valare vichithramaanu kaaryangal.
Thaangalude review vaayichathu kondu,ee chitrham kaananda ennu theerumaanichu. Ingineyulla jaada chithrangal chalanam srushttikkunnu ennezhuthanamo? Ivaye patti charcha cheyyunnavarum saadhaarankkaarekaal mikachavar aanu jangal ennu varuthi theerkkaanaayirikkille ingine manushyanu manassilaakaatha rachanakale patti vaachaalanaakunnathu?

Rajmohan at: 8 January 2011 at 11:21 AM said...

രാജേഷ്‌,

ആദ്യമേതന്നെ പറയട്ടെ, കണ്ടാൽ പെട്ടെന്ന് മനസ്സിലാകുന്നവ മാത്രമല്ല എനിക്ക്‌ പ്രിയപ്പെട്ട സിനിമകൾ. പലവട്ടം കണ്ടിട്ടും വളരെ abstract ആയിത്തന്നെ മനസ്സിൽ സൂക്ഷിക്കുവാൻ ഇഷ്ടപ്പെടുന്ന ചില സിനിമകളും എന്റെ പ്രിയ സിനിമകളുടെ ലിസ്റ്റിൽ പെടുന്നവയാണ്‌. 'മിറർ' ഒരു ഉദാഹരണം. വളരെ concrete ആയ അർത്ഥങ്ങളൊന്നും ഇത്തരം ചിത്രങ്ങൾ convey ചെയ്യുന്നില്ലെങ്കിലും വളരെ മനോഹരമായ രീതിയിൽ ഇവ നമ്മോട്‌ സംവദിക്കുന്നു. 'ചിത്രസൂത്രം' വളരെ pretentious ആയ രീതിയിൽ അവതരിപ്പിക്കപ്പെട്ടു എന്ന് തോന്നിയതിനാലാണ്‌ അതിന്റെ ഭാഷയെക്കുറിച്ച്‌ പറയുവാൻ ശ്രമിച്ചത്‌.

ഈ ചിത്രത്തിനോട്‌ Facebookലും മറ്റും കണ്ട ചില പ്രതികരണങ്ങളാണ്‌ ഈ ചിത്രം കാര്യമായ ചലനം സൃഷ്ടിച്ചു എന്ന് എഴുതാൻ കാരണം. ചില ചലച്ചിത്ര പ്രവർത്തകരുടേതായി കേട്ട അഭിപ്രായങ്ങളും ഇത്‌ ശരിവയ്ക്കുന്നു.

ഈ ചിത്രത്തിന്റെ രീതിയോട്‌ എനിക്ക്‌ വിയോജിപ്പുണ്ടെങ്കിലും സമകാലിക മലയാള സമാന്തര സിനിമയിൽ ഇത്‌ ഒരു പൊളിച്ചെഴുത്ത്‌ നടത്തിയിരിക്കുന്നു എന്ന് എനിക്ക്‌ തോന്നുന്നു. അതിനാൽത്തന്നെ ഈ സിനിമ ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

Anonymous at: 8 January 2011 at 5:29 PM said...

http://www.facebook.com/home.php#!/notes/donnie-brasco/chitra-suthram-a-postmodern-dialogue-between-reality-and-hyper-reality/139625962760713

akhilesh at: 9 January 2011 at 5:19 PM said...

ഈ ചിത്രം എങ്ങനെ കാണാന്‍ സാധിച്ചു? dvd യില്ല, ടോറന്റില്ല....

Rajmohan at: 9 January 2011 at 7:29 PM said...

അഖിലേഷ്‌,

IFFKയിലെ 'മലയാള സിനിമ ഇന്ന്' സെക്ഷനിലെ ഒരു പ്രധാന സിനിമയായിരുന്നു 'ചിത്രസൂത്രം'.

akhilesh at: 10 January 2011 at 4:09 PM said...

രാജേഷ്,

സിനിമയുടെ കലാസാധ്യതകള്‍ക്ക് നമ്മള്‍ അതിര്‍വരമ്പ് നിശ്ചയിക്കേണ്ടതുണ്ടോ ? വളരെ ലളിതമായി കഥ പറയുന്ന സിനിമ മാത്രമാണ് നല്ല സിനിമ എന്ന് പറയുന്നത് restrictive ആയിട്ടാണ് തോന്നുന്നത്. മനസ്സും വികാരങ്ങളും പ്രവര്‍ത്തിക്കുന്നത് കൂടുതലും abstract രീതിയിലാണ് . സംഗീതം, ചിത്രകല, ചിലപ്പോള്‍ സാഹിത്യം ഇവയൊക്കെ സംവേദിക്കുന്നതു abstract ഭാഷയിലാണ് . അപ്പോള്‍ സിനിമയ്ക്ക് മാത്രമതെന്തുകൊണ്ടായിക്കൂടാ? തര്‍ക്കൊവിസ്കി, ലിഞ്ച്, ഫിഞ്ചര്‍ , കോഅന്‍സ് തുടങ്ങിയവരുടെ ചിത്രങ്ങളെയൊന്നും ബുദ്ധിജീവി ജാടകളായിട്ടല്ല ലോകം കാണുന്നത്.

മനസ്സിലാകരുത്‌ എന്ന ഉദ്ദേശത്തോടെ തട്ടിക്കൂട്ടുന്നവയും അളന്നുമുറിച്ച ദൃശ്യഭാഷയില്‍ abstract ആശയങ്ങള്‍ കാണിക്കുന്നതും വ്യത്യസ്തമാണ്.

akhilesh at: 10 January 2011 at 4:18 PM said...

'സംവദിക്കുന്നത് abstract ഭാഷയിലാണ്.' എന്നാണു ഉദ്ദേശിച്ചത്.

shoonyan at: 11 January 2011 at 8:15 PM said...

@ Anony,

Pity the ordinary talks by these mediocre filmgoers. Congrats Donnie for your brilliant take on “Chitrasutram”. Going through your “Facebook” (http://www.facebook.com/home.php#!/notes/donnie-brasco/chitra-suthram-a-postmodern-dialogue-between-reality-and-hyper-reality/139625962760713) post on the film, I foresee the birth of a new messiah in Indian film criticism.

But Donnie, let me point out certain aspects you missed out while deconstructing / reconstructing the film. The instability of the points raised by you leaves me with several contradictorily layered responses whose interconnectivity cannot express the logocentric coherency you seek. I can only say that reality is more uneven and its misrepresentations more untrustworthy than we have time here to explore. Further, post-spacialities of hyper-contemporaneity recommits us to an ambivalent recurrentiality of antisociality/seductivity, one enunciated in a degendered Baudrillardian discourse of granulated subjectivity.

Donnie, I need not remind you Jaques Derrida who wrote “If it seems to us in principle impossible to separate, through interpretation or commentary, the signified from the signifier, and thus to destroy writing by the writing that is yet reading, we nevertheless believe that this impossibility is historically articulated. It does not limit attempts at deciphering in the same way, to the same degree, and according to the same rules.”

റോബി at: 11 January 2011 at 8:21 PM said...

ചിത്രസൂത്രം കണ്ടിട്ടില്ല. ഡിവിഡിയായോ മറ്റോ ഇറങ്ങുമോ എന്ന് നോക്കിയിരിക്കുന്നു.

ഈ സിനിമകളുടെ പ്രസക്തി ചരിത്ര പുസ്തകങ്ങളിലും ബൗദ്ധിക സദസ്സുകളുടെ അക്കാദമിക ജാഡകളിലുമായി ഒതുങ്ങിയത്‌ സ്വാഭാവികം മാത്രം

ശരിക്കും ഗൊദാർദിന്റെ പ്രസക്തി ഇത്തരം സദസ്സുകളിലേക്ക് പരിമിതപ്പെട്ടോ? എനിക്കു തോന്നുന്നില്ല. ഇന്ന് കൊമേഴ്സ്യൽ സിനിമ ഉപയോഗിക്കുന്ന നറേറ്റീവ് ടെക്നിക്കുകളിൽ മുക്കാലും ഗൊദാർദ് എന്ന ഒറ്റയാളുടെ സംഭാവനയല്ലേ? ഗൊദാർദിന്റെ സിനിമകൾ കാണാത്തവരും അതൊക്കെ കാര്യമായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞവർഷമിറങ്ങിയ 'പുതിയമുഖം' എന്ന തട്ടുപൊളിപ്പൻ പടത്തിലും കണ്ടു ഗൊദാർദിന്റെ ടെക്നിക്കുകൾ...:)

Rajmohan at: 12 January 2011 at 8:31 PM said...

നമ്മുടെ കച്ചവട സിനിമയിലും ഗൊദാർദോ? ശ്രദ്ധിച്ചിട്ടില്ല. എന്തായാലും നമ്മുടെ സിനിമയിലെ ഇപ്പോഴത്തെ താരം Inarritu ആണ്‌. എന്റെ അറിവിൽ പുറത്തിറങ്ങിയതും ഇറങ്ങാനിരിക്കുന്നതുമായ നാലോ അഞ്ചോ സിനിമകൾ Inarrituവിന്റെ ഒരൊറ്റ സിനിമയിൽനിന്ന് "ഊർജ്ജം ഉൾക്കൊണ്ട" സിനിമകളാണ്‌!

Anonymous at: 28 January 2011 at 5:17 PM said...

@shoonyan, http://www.facebook.com/notes/adim-phukan/chitrasutram-image-threads-a-cutting-edge-film/196101210405289

Post a Comment

newer post older post