"ഇറങ്ങി പോടാ ഹെർസോഗേ"3 comments


"രണ്ടര വയസ്സുകാരനായ എന്നെയും എന്റെ ജ്യേഷ്ഠനേയും ഒരു പാതിരാ സമയത്ത്‌ അമ്മ വിളിച്ചുണർത്തി പുറത്ത്‌ അരങ്ങേറുന്ന അതിഭയങ്കരമായ കാഴ്ച കാട്ടിത്തന്നു. ആകാശത്തുന്നിന്നും പെയ്യുന്ന തീമഴ ചൂണ്ടി അവർ പറഞ്ഞു: നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കരുതാത്ത കാഴ്ചയാണിത്‌" ആകാശത്തുനിന്നും പെയ്യുന്ന തീമഴയുടേയും തകർന്നടിഞ്ഞ കെട്ടിടങ്ങൾ ഭൂമിയിൽ തീർത്ത കൽക്കൂമ്പാരങ്ങളുടെയും ഇമേജുകൾ എന്നന്നേക്കുമായി മനസ്സിൽ പതിപ്പിച്ച ആ കുട്ടി പിന്നീട്‌ അന്നുകണ്ടകാഴ്ചയുടെ കാരണങ്ങൾ തേടി നടത്തിയ യാത്രയുടെ കഥകൾ വിസ്മയാവഹമാണ്‌. ഹെർസോഗ്‌ എന്ന മഹാചലച്ചിത്രകാരനായി അവൻ പരിണമിച്ചത്‌ ഒരു സാധാരണ സിനിമാക്കാരന്റെ വഴികളിൽക്കൂട്യല്ല, മറിച്ച്‌ കഠിനാധ്വാനത്തിന്റെയും സഹനത്തിന്റെയും കല്ലും മുള്ളും നിറഞ്ഞ ദുർഘടപാതയിൽക്കൂടി സഞ്ചരിച്ചുകൊണ്ടാണ്‌. മ്യൂണിക്കിലെ ഫിലിം സ്കൂളിൽനിന്നും മോഷ്ടിച്ച ഒരു 35 mm ക്യാമറയുമായി ആമസോണിന്റെ വന്യതയിലേക്ക്‌ തന്റെ ആദ്യചിത്രം ചെയ്യുവാൻ പുറപ്പെട്ട ഹെർസോഗ്‌ പിന്നീട്‌ താണ്ടിയ വഴികളും എത്തിപ്പിടിച്ച ഉയരങ്ങളും സിനിമാ ചരിത്രത്തിന്റെ ഭാഗമാണ്‌. തന്റെ ഈ യാത്രക്കിടയിൽ കഴിഞ്ഞ ആഴ്ച അദ്ദേഹം എത്തിപ്പെട്ടതോ നമ്മുടെ ഈ കൊച്ചു കേരളത്തിലും. IFFK2010 ന്റെ ഭാഗമായി ശ്രീ തിയറ്ററിന്റെ വേദിയിൽ സംസാരിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിനുനേരെ കൂക്കുവിളികളും അപശബ്ദങ്ങളുമായി ഒരു സംഘം കുട്ടിക്കുരങ്ങന്മാർ നീങ്ങുമ്പോൾ, വിരോധാഭാസം എന്നല്ലാതെ എന്തു പറയുവാൻ, അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നത്‌ ഒരു ടെലിവിഷൻ ഇന്റർവ്യൂവിനിടയിൽ അദ്ദേഹത്തിന്‌ വെടിയേറ്റ സംഭവത്തെക്കുറിച്ചായിരുന്നു! ഒരു പക്ഷെ ഈ കുട്ടിക്കുരങ്ങന്മാർ അറിഞ്ഞിരിക്കില്ല വേദിയിൽ സംസാരിച്ചുകൊണ്ടിരുന്ന വ്യക്തി ആരെന്ന്, ലോക സിനിമയുടെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനമെന്തെന്ന്. അവരിലൊരുവൻ വിളിച്ചുകൂവുന്നുണ്ടായിരുന്നു: "ഇറങ്ങി പോടാ!".

********

നമ്മുടെ ചലച്ചിത്ര മേളയിലെ ഒരു സ്ഥിരം സന്ദർശകനായിരുന്നു വിഖ്യാത സംവിധായകൻ ക്രിസ്തോഫ്‌ സനൂസി. ലോക സിനിമയോടുള്ള നമ്മുടെ നാട്ടുകാരുടെ താത്പര്യവും ആവേശവുമാണ്‌ അദ്ദേഹത്തിനെ കേരളത്തിലേക്ക്‌ ആകർഷിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. കേരളത്തിലെ പ്രേക്ഷകന്റെ സിനിമയോടുള്ള ആവേശം തനിക്ക്‌ സിനിമയിലുള്ള വിശ്വാസം നിലനിർത്തുന്നു എന്ന് പോലും അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. എന്നാൽ മലയാളി പ്രേക്ഷകനിൽ നല്ല സിനിമയോട്‌ വളർന്നു വരുന്ന ഉദാസീനതയും ആഘോഷങ്ങളോടും വെറും ശബ്ദങ്ങളോടുമുള്ള താത്പര്യക്കൂടുതലും കണ്ട്‌ മടുത്തിട്ടാവാം ഇത്‌ തന്റെ അവസാന കേരള ഫെസ്റ്റിവെലാണെന്ന് പ്രഖ്യാപിച്ച്‌ അദ്ദേഹം ഏതാനും വർഷങ്ങൾക്ക്‌ മുമ്പ്‌ കേരളത്തിനോട്‌ വിട പറഞ്ഞത്‌.

********
വിപണിയിൽ ലഭ്യമായ ഏറ്റവും മുന്തിയ ഇനം ഉപഭോഗവസ്തുക്കൾ, അത്‌ തങ്ങൾക്ക്‌ വാസ്തവത്തിൽ ആവശ്യമുള്ളതാണോ അല്ലയോ എന്നു പോലും ചിന്തിക്കാതെ, വാരി വലിച്ച്‌ വിഴുങ്ങുന്ന മലയാളിയുടെ കൺസ്യൂമറിസ്റ്റ്‌ സ്വഭാവം മാത്രമാണോ, തൃശ്ശൂർ പൂരത്തെപ്പോലും വെല്ലുന്ന IFFKയുടെ ആൾക്കൂട്ടത്തിന്റെ പിന്നിലെ രഹസ്യം? മേളയുടെ മഹത്വത്തെ പറ്റിയും പതിനായിരത്തിനും മുകളിലെത്തിനിൽക്കുന്ന ഡെലിഗേറ്റുകളുടെ എണ്ണത്തെപ്പറ്റിയുമൊക്കെ ആശ്ചര്യപ്പെടുന്നതിനിടയിൽ ഇത്തരത്തിലുള്ള ചില അപ്രിയ ചോദ്യങ്ങളും സ്വയം ചോദിക്കുന്നത്‌ നന്നായിരിക്കും.

3 comments:

വിനയന്‍ at: 23 December 2010 at 10:18 PM said...

കച്ചവട സിനിമകള്‍ക്ക് ആദ്യ ദിവസങ്ങളില്‍ വരുന്ന മലയാളി 'കാണി'യുടെ സ്വഭാവം നന്നായി അറിയാം... അതുകൊണ്ടാണല്ലോ ആദ്യ ആഴ്ചകളില്‍ കുടുംബങ്ങള്‍ അവിടേക്ക് അടുക്കാത്തത്... ഇവിടെയും ഈ 'കാണി' ഉണ്ടെങ്കില്‍ ! ...

ഞാന്‍:ഗന്ധര്‍വന്‍ at: 27 December 2010 at 8:05 AM said...

ആദ്യ ദിവസങ്ങളില്‍ കുടുംബവുമായി കയറിയാല്‍ അല്ല, ഒറ്റയ്ക്ക് കയറിയാല്‍ പോലും സിനിമ കാണാന്‍ സമ്മതിക്കില്ല ഫാന്‍സ്‌ എന്ന പറയപ്പെടുന്ന തെണ്ടിക്കൂട്ടം.

ആശംസകള്‍!!

Rajeeve Chelanat at: 11 January 2011 at 3:31 PM said...

പ്രബുദ്ധകേരളമല്ലേ? ഇതൊക്കെ പ്രതീക്ഷിക്കണം..പാവം ഹെർസോഗ്..

Post a Comment

newer post older post